Monday, November 30, 2009

തന്തി കണ്ഠരര് മോഹനര്‍ക്ക് ഡോക്റ്ററേറ്റ്

തന്തി കണ്ഠരര് മോഹനര്‍ക്ക് ഡോക്റ്ററേറ്റ്
നവംബര്‍ 24ന് മാതൃഭൂമി ദിനപ്പത്രത്തിന്റെ അവസാനപേജില്‍  തിരുനക്കര സൗഹൃദ കലാസാംസ്‌ക്കാരിക വേദിയുടേതായി വന്ന ആശംസാ പരസ്യം എനിക്ക് 'ക്ഷ' പിടിച്ചു. ഒന്നുമല്ലെങ്കില്‍ ഞാനും ഒരു രണ്ടു ജന്‍മം ജനിച്ചവനാണല്ലോ? കൊളംബോ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വേദിക് കള്‍ച്ചര്‍ ആന്റ് ഉപനിഷത് എന്ന വിഷയത്തിലാണ് കണ്ഠരര്് മോഹനര്‍ക്ക്്് ഡോക്റ്ററേറ്റ് ലഭിച്ചത്. സില്‍വസ്‌ററര്‍ സ്‌ററലന്റേതു പോലുളള ശരീരം, ഒരൊന്നൊന്നര തല, സീരിയലുകളിലെ രാക്ഷസന്‍മാരുടെ മേക്കപ്പിനെ കടത്തിവെട്ടുന്ന അര സ്‌ക്വയര്‍ മൈല്‍ ചുററളവുളള പൊട്ട്. ഇപ്പോള്‍ പേരിനും ഒരു കടുപ്പമായി: ഡോ. തന്ത്രി.കണ്ഠരര് മോഹനര്. സത്യത്തില്‍ കുളിരു കോരുന്നു. എനിക്ക് ഇത്രയും കുളിരു തോന്നുന്നെങ്കില്‍ അദ്ദേഹത്തിന് എത്ര തോന്നും?
പക്ഷേ പഴയ ചില പത്രവാര്‍ത്തകള്‍ ഇതു കണ്ട് മനം മറിഞ്ഞ് തികട്ടി വന്നു. ജസ്‌ററിസ് പരിപൂര്‍ണന്‍ കമ്മീഷന്റെ മുന്‍പില്‍ തെളിവെടുത്തപ്പോള്‍ ഇദ്ദേഹം മൊഴി കൊടുത്തത് തനിക്ക് സാമാന്യ വിദ്യാഭ്യാസമേയുളളൂ എന്നും, സംസ്‌കൃതം തീരെ അറിയില്ലെന്നും, ഭാഗ്യസൂക്തം ഹൃദിസ്ഥമാക്കിയിട്ടില്ലെന്നുമാണ്. അത് സാരമുളള കാര്യമല്ല. ശോഭാ ജോണ്‍ കേസിനു ശേഷം അദ്ദേഹത്തിന് ധാരാളം സമയം ലഭിക്കുന്നുണ്ടായിരുന്നു. വേറെ പ്രത്യേകിച്ച് പണിയൊന്നുമുണ്ടായിരുന്നില്ലല്ലോ? ശനിദശാകാലത്ത് പഠനമനനങ്ങളുമായി കഴിയാമെന്നു തീരുമാനിച്ച വിവേകം ആദരണീയം തന്നെ. പ്രത്യേകിച്ചും വേദസംസ്‌ക്കാരത്തെപ്പറ്റിയും ഉപനിഷത്തിനേപ്പറ്റിയും ഉളള പഠനം. ആചാര്യ നരേന്ദ്രഭൂഷണേക്കൊണ്ടു പറ്റിയില്ല ഈ വിഷയത്തില്‍ ഒരു ഡോക്റ്ററേറ്റ് സമ്പാദിക്കാന്‍! പിന്നെ അഴീക്കോട്ടെങ്ങാണ്ടുളള ഒരു തീയ്യന്‍ സുകുമാരന്‍ ഏതാണ്ട് പോക്കണംകേട് എഴുതിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഭാഗ്യത്തിന് കണ്ടിട്ടില്ല. പണ്ടേ എങ്ങാണ്ടൂന്ന് ഒരു ഡോക്റ്ററേറ്റും തപ്പിക്കോണ്ട് വന്ന് വരേണ്യ വര്‍ഗ്ഗത്തെ നാണംകെടുത്താന്‍ കുററീം പറിച്ചോണ്ടു വന്ന് വായിട്ടലച്ചോണ്ട് നടക്കുന്നു. ആര് കേക്കുന്നു ഇതൊക്കെ?
പിന്നെ ചിലതൊക്കെ പത്രത്തില്‍ വന്നത്: സത്യത്തില്‍ ഈയുളളവനും അത് അത്ര ഗൗനിച്ചിട്ടില്ല. കാരണം ഞങ്ങളുടെയൊക്കെ പൂര്‍വ്വികര്‍ പണ്ടും അഗമ്യഗമനങ്ങളൊക്കെ നടത്തിയിട്ടുണ്ട്. അന്ന് പുരയിടമായും വസ്തുവകകളായും ഒക്കെ പ്രതിഫലം കൊടുത്തിരുന്നെങ്കില്‍ ഇന്നുള്ളവര്‍ പണമായി കൊടുക്കുന്നു. അന്നുളളവര്‍ക്കില്ലാത്ത വിലക്ക് ഇന്നു കൊണ്ടു വരുന്നതില്‍ എന്താ അര്‍ത്ഥം?
എന്നാല്‍ പിന്നെ ഇങ്ങനെയുളള ഡോക്റ്ററേറ്റ് പരസ്യങ്ങള്‍ ഡോ. കുടമാളൂര്‍ ശര്‍മ്മ, ഡോ.തൃക്കുന്നപ്പുഴ ഉദയകുമാര്‍, ഡോ.പ്രണവം വിഷ്ണുനമ്പൂതിരി, ഡോ. മാന്നാര്‍ കൃഷ്ണപിളള തുടങ്ങിയവരുടേതായി കാണുമ്പോള്‍ അവിടേം ഇവിടേമൊക്കെ ഒരു ചൊറിച്ചില്‍. വാഴയ്ക്ക് വെളളം കോരിയും ട്യൂട്ടോറിയലില്‍ പഠിപ്പിച്ചും നാലഞ്ചു വര്‍ഷം ഗവ.ലോക്കോളേജിന്റെയും മറ്റും തിണ്ണനിരങ്ങി ഒപ്പിച്ചെടുത്ത രണ്ടുമൂന്നു ഡിഗ്രികളുണ്ട്. ഇതിനു പോയ ഞങ്ങളൊക്കെ വെറും കൊഞ്ഞാണന്‍മാരായിരുന്നല്ലോ എന്നോര്‍ക്കമ്പോള്‍ ഒരു വേദന. പിന്നെ ബൂലോകരോടൊരു കാര്യം പറഞ്ഞേക്കാം കൂടുതലു മൂത്താ ഞാനും മേടിച്ചളയും ഇതേലെ ഒരെണ്ണം 35000 കൊടുത്ത്.